Wednesday, 20 July 2011

വേര്‍ പിരിയാന്‍ അധികവും പൊരുത്തം നോക്കിയവര്‍

 വേര്‍ പിരിയാന്‍ അധികവും പൊരുത്തം നോക്കിയവര്‍
കുടുംബ കോടതികളുടെ ഇടനാഴികളില്‍ കണ്ണീരിന്റെ നനവ്, കയ്യിലുള്ളതെല്ലാം വിറ്റ് പെറുക്കി ആചാരങ്ങളും വിശ്വാസങ്ങളും നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തുകൊടുത്തിട്ടും മകള്‍ക്കേറ്റ ആഘാതത്തില്‍ നെഞ്ചുരുകുന്ന മാതാപിതാക്കള്‍. ഉത്തമ പൊരുത്തമെന്നും എല്ലാം മംഗളകരമെന്നും വിശ്വസിച്ച് ധന്യജീവിതത്തിനുവേണ്ടി മറ്റൊരാള്‍ക്ക് മുമ്പില്‍ താലികെട്ടാന്‍ തലകുനിച്ച് കൊടുത്തിട്ടും പൊരുത്തക്കേടിന്റെ നീറുന്ന ഓര്‍മ്മകളുമായി വൈധവ്യവും ബാധിച്ച മനസ്സോടെ വിവാഹമോചനത്തിനായി കോടതി വരാന്തയില്‍ നില്‍ക്കുന്ന എണ്ണമറ്റ യുവതികള്‍.  കഴിഞ്ഞതെല്ലാം ഒരു പേക്കിനാവെന്ന് വിശ്വസിച്ച് ഒരു നല്ല ജീവിതത്തിനായി ഇനിയും ശുഭ പ്രതീക്ഷവെച്ച് പുലര്‍ത്തുന്ന എണ്ണമറ്റ ചെറുപ്പക്കാര്‍.
ജ്യോതിഷ വിഷയസംബന്ധമായി കേരളത്തിലെ രണ്ട് കുടുംബകോടതികളില്‍ (തൃശൂര്‍, എറണാകുളം) നടത്തിയ സര്‍വ്വേയില്‍ പകല്‍പോലെ വ്യക്തമായ ഒരു കാര്യമുണ്ട്.  വിവാഹമോചനത്തിനായി എത്തിയിരിക്കുന്ന ദമ്പതിമാരില്‍ ബഹുഭൂരിപക്ഷവും മതവും ജാതിയും നോക്കി, വര്‍ഗ്ഗവും വര്‍ണ്ണവും നോക്കി, ജാതകപ്പൊരുത്തവും മുഹൂര്‍ത്തവും നോക്കി വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്കിടയില്‍ നിന്നാണ്. 
ആരെയും ഞെട്ടിക്കുന്നതും ഇതുവരെ സത്യമെന്ന് ധരിച്ച് കൊണ്ടുനടക്കുന്നതുമായ വിശ്വാസങ്ങളുടെ അടിത്തറ ഇളക്കുന്നതുമാണ് ഈ വിവരങ്ങള്‍. 
 
വിവാഹം കഴിക്കാന്‍ പൊരുത്തം നോക്കുന്നതെന്തിനാണ്?  പൊരുത്തം നോക്കുകവഴി പൂര്‍വ്വ ജന്മത്തിലെ ദമ്പതികളെ ഒന്നിപ്പിക്കുകയാണെന്നാണ് ഒരു വാദം.  സ്ത്രീ-പുരുഷ ജാതകം ഗണിച്ച് അവര്‍ക്ക് ഭാര്യാ ഭര്‍ത്താക്കന്മാരായി സുഖ ഐശ്വര്യങ്ങളോടെ, പുത്രസമൃദ്ധിയോടെ ജീവിക്കുവാന്‍ കഴിയുമോയെന്നാണത്രെ പൊരുത്തം നോക്കി പറയുന്നത്.
''ദിനം ഗണ മഹേന്ദ്രം
സ്ത്രി ദീര്‍ഘം, യോനി രേഖച രാശി രാശ്യാധിപോ വശ്യം
രജു വേധൗച തേദശാ''
ഇതാണ് പത്ത് പൊരുത്തങ്ങള്‍, രാശിപ്പൊരുത്തം, രാശ്യാധിപപ്പൊരുത്തം, വശ്യപ്പൊരുത്തം, ഗണപ്പൊരുത്തം, മദ്ധ്യമരജ്ജുദോഷം, വേധദോഷം, ദിനപ്പൊരുത്തം ഇവയാണത്രെ പൊരുത്തങ്ങള്‍.  യഥാവിധി പ്രകാരം ഈ പൊരുത്തങ്ങളെല്ലാം നോക്കി എല്ലാസ്ഥാപിത വിശ്വാസങ്ങളുടെ മുമ്പിലും ശാസ്ത്രമെന്ന് വിശ്വസിച്ച് തലകുനിച്ചിട്ടും എണ്ണമറ്റ ദമ്പതിമാര്‍ കോടതി വരാന്തയിലും അല്ലാതെയും ദാമ്പത്ത്യത്തിന്റെ കയ്പുനീരുമായി കഴിയുമ്പോഴാണ് പൊരുത്തം നോക്കുന്നതിന്റെ പൊരുത്തക്കേടുകള്‍ തലപൊക്കുന്നത്. 
 

ഈ പൊരുത്തവും മുഹൂര്‍ത്തവുമെല്ലാം മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ മാര്‍ഗ്ഗം ലോകത്തുള്ള എല്ലാവരും സ്വീകരിക്കുമായിരുന്നുവെന്നത് വേറെ കാര്യം.
ഈ പൊരുത്തം നോക്കല്‍ എന്ന ഏര്‍പ്പാട് തന്നെ മനുഷ്യന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്.  പൂര്‍വ്വജന്മത്തിലെ ദമ്പതിമാരെ ഈ ജന്മത്തിലും ഒന്നിപ്പിക്കുന്ന മഹദ് കര്‍മ്മമാണത്രെ പൊരുത്തം നോക്കല്‍.  പൂര്‍വ്വ ജന്മത്തില്‍ ഒരാണിന് ഒരു പെണ്ണല്ലേ ഉണ്ടായിട്ടുണ്ടാവുകയുള്ളൂ. അപ്പോള്‍ ഈ ലോകത്ത് പരസ്പരം ചേരാവുന്ന ഒരേയൊരു സ്ത്രീ ജാതകവും ഒരേയൊരു പുരുഷജാതകവുമല്ലേ ഉണ്ടാവാന്‍ പാടുള്ളൂ. 
ഇനി എങ്ങിനെയാണിവര്‍ പൊരുത്തം നോക്കുന്നത്.  ഉദാഹരണത്തിന് മദ്ധ്യമരജ്ജുദോഷം നോക്കുന്ന രീതിയെടുക്കാം.  മൂന്ന് വിരലുകള്‍ നിവര്‍ത്തി ഒന്നാമത്തെ വിരലില്‍ നിന്നും അശ്വതി, ഭരണി, കാര്‍ത്തിക എന്ന് എണ്ണുക.  മൂന്നാമത്തെ വിരലില്‍ നിന്നും തിരികെ രോഹിണി, മകയിരം, തിരുവാതിര എന്ന് എണ്ണി വീണ്ടും ഒന്നാം വിരലില്‍ നിന്ന് പുണര്‍തം, പൂയ്യം, ആയില്യം എന്ന് എണ്ണുക. ഇങ്ങനെ എണ്ണുമ്പോള്‍ മധ്യവിരലില്‍ വരുന്ന നക്ഷത്രങ്ങള്‍ തമ്മില്‍ രജുദോഷം ഉണ്ടത്രെ.  ഈ നാളുകള്‍ തമ്മില്‍ ചേര്‍ക്കാറില്ല.
എന്തൊരു കണക്കാണിത്.  ഈ ദോഷപ്രഖ്യാപനത്തിന് വല്ല അടിസ്ഥാനവുമുണ്ടോ?
ജോത്സ്യന്റെ കൈവിരലുകള്‍ ചലിക്കുന്നതിനനുസരിച്ച് നക്ഷത്രങ്ങള്‍ തമ്മില്‍ അടുക്കുകയും അകലുകയും സ്‌നേഹിക്കുകയും വെറുക്കുകയും നന്നാക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നല്ലേ ഇത് പറയുന്നത്. 
 
ക്രിസ്ത്യാനികള്‍ക്കും മുസ്ലീമുകള്‍ക്കും ഇടയിലുണ്ടാകുന്ന വിവാഹമോചന കേസുകളില്‍ നല്ലൊരു പങ്കും സര്‍ക്കാര്‍ കോടതികളിലെത്തുന്നില്ലെന്നുള്ളത് ഒരു സത്യമാണ്.  പക്ഷെ ആചാരപ്രകാരം എല്ലാം പൊരുത്തമെന്ന് വിധിച്ച് വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്കിടയിലുണ്ടായിക്കൊണ്ടിരിക്കുന്ന വിവാഹ മോചന വര്‍ദ്ധനവ് ന്യായീകരിക്കുവാന്‍ മറ്റു സമൂദായങ്ങളെ കൂട്ടുപിടിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

ഒരു ദാമ്പത്യ ജീവിതത്തിനും ഒരു മിനിമം ഗ്യാരണ്ടിപോലും ഉറപ്പ് തരുവാന്‍ കഴിയാത്ത ഈ പൊരുത്തം നോക്കല്‍ ഏര്‍പ്പാട് കൊണ്ട് ജ്യോത്സ്യന്‍മാര്‍ക്കല്ലാതെ വേറെ ആര്‍ക്കെങ്കിലും ഈ ലോകത്ത് ഗുണമുള്ളതായി കേട്ടിട്ടുണ്ടോ.  ജാതക പൊരുത്തം നോക്കി വിവാഹം കഴിക്കുന്ന ദമ്പതിമാരിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ജാതകം നോക്കി പൊരുത്തമെന്നും വിവാഹയോഗ്യമെന്നും വിധിച്ച ജ്യോത്സ്യന്‍കൂടി ഉത്തരവാദിയാണെന്ന ഒരു നിയമം വന്നാല്‍ അന്നത്തോടുകൂടി തീരുന്നതേയുള്ളൂ ജ്യോത്സ്യന്മാരുടെ പൊരുത്തം നോക്കല്‍ പരിപാടി. 

Monday, 4 July 2011

സി.പി.ഐ. (എം.) ദേശിയ ഈര്‍ക്കിലി (പാര്‍ട്ടി) ആയത്‌ എങ്ങിനെ?

സി.പി.ഐ. (എം.) ദേശിയ ഈര്‍ക്കിലി (പാര്‍ട്ടി) ആയത്‌ എങ്ങിനെ?
2011 ജൂണ്‍ 17 വെള്ളിയാഴ്‌ചയിലെ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രധാന ലീഡ്‌ സി.പി.ഐ. (എം) ദേശീയ സെക്രട്ടറി സഖാവ്‌ പ്രകാശ്‌ കാരാട്ടിന്റെ ഒരു പ്രസ്‌താവനയാണ്‌. ``പൗരസമൂഹക്കാര്‍ക്ക്‌ അരാഷ്‌ട്രീയ അജന്‍ഡ'' എന്നാണ്‌ തലവാചകം. ഇ.എം.എസ്‌. സ്‌മൃതി 2011 ന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച മാര്‍ക്‌സിസം - ഒരു പുത്തന്‍ വായന- ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ടുള്ള കാരാട്ടിന്റെ പ്രസംഗമാണ്‌ വാര്‍ത്ത. വാര്‍ത്ത തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. 

കാരാട്ടിന്റെ വിഷമം പകല്‍പോലെ വ്യക്തമാണ്‌. അഴിമതിക്കെതിരെ സമരം നടത്തുന്ന അന്നാഹസാരെ രാഷ്‌ട്രീയക്കാരെ തള്ളിപ്പറയുകയും ആര്‍.എസ്‌.എസ്‌. നെ ക്ഷണിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ ഹസാരെയുടെ സമരം അരാഷ്‌ട്രീയവും മോശവുമായി. ആര്‍.എസ്‌.എസ്‌. നെ തള്ളിപ്പറയുകയും സഖാക്കളെ ക്ഷണിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ സമരം ഗംഭീരമായേനെ. പക്ഷെ സമരം കേരളത്തിലും ബംഗാളിലും മാത്രം പോരാ ഇന്ത്യ മുഴുവന്‍ വേണമെന്നുള്ളതുകൊണ്ടായിരിക്കണം അന്നാഹസാരെ ആര്‍.എസ്‌.എസ്‌. നെ ക്ഷണിച്ചത്‌.
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ മുന്‍കാല ചരിത്രം ആവര്‍ത്തിക്കുക മാത്രമാണ്‌ കാരാട്ടും ചെയ്‌തത്‌. എഴുതാപ്പുറം വായിക്കുക. യാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം വീക്ഷിച്ച്‌ വസ്‌തുതകളെ വിലയിരുത്തുന്നതിനുപകരം ഒരുതരം ഒളിച്ചോട്ടം.
ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ചരിത്രത്തില്‍ ഈ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ്‌ ``പൗരസമൂഹം'' എന്നൊരു സമൂഹവും അതല്ലാത്ത ഇതിനെ എതിര്‍ക്കുന്ന ഒരു ഭരണ രാഷ്‌ട്രീയ സമൂഹവും ഉണ്ടായിട്ടുള്ളത്‌. രാജ്യത്തെ ഭരണകൂടവും ജനസമൂഹവും തമ്മിലുണ്ടായ അകല്‍ച്ചയുടെ ഫലമാണ്‌. സ്വാതന്ത്ര്യത്തിനുശേഷമുള്ള കഴിഞ്ഞ 7 ദശാബ്‌ദങ്ങളില്‍ ഭരണം ചില കുടുംബങ്ങളുടേയും അവരുടെ കൂട്ടാളികളുടേയും കൈയ്യിലകപ്പെടുകയും അഴിമതിയും അതിലൂടെയുള്ള സ്വത്തുസമ്പത്തുക്കള്‍ മുഴുവനും ഇവരില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്‌തുവെന്നതാണ്‌ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദേശീയ ദുരന്തം. അഴിമതി തുടക്കത്തില്‍ ലക്ഷങ്ങളും പിന്നീടത്‌ കോടികളും ഇപ്പോഴത്‌ ലക്ഷം കോടികളുമായി എന്നത്‌ ജനഹിതമില്ലാത്ത ജനാധിപത്യഭരണമാണ്‌ നമ്മുടേതെന്ന്‌ വിളിച്ചോതുന്നു.
 
പൗരസമൂഹ പ്രതിനിധിയായിട്ടാണ്‌ അന്നാഹസാരെ ടീം അറിയപ്പെടുന്നത്‌. ഇവര്‍ ആ നിലയില്‍ രാഷ്‌ട്രത്തിലെമ്പാടും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഭരണഘടന അനുസരിച്ച്‌ സത്യം ചെയ്‌ത്‌ ഈ ഭാരതരാജ്യത്തിന്റെ ഭൂമിയും സ്വത്തും സര്‍വ്വസ്വവും ഭരിക്കുവാനും നയിക്കുവാനും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട അധികാരമുള്ള ഇന്ത്യന്‍ പ്രസിഡന്റിനേക്കാളും പ്രധാനമന്ത്രിയേക്കാളും രാഷ്‌ട്രീയ പാര്‍ട്ടിയേക്കാളും പ്രിയങ്കരനായി പൊതുസമൂഹ പ്രതിനിധികള്‍ മാറിയിട്ടുണ്ടെങ്കില്‍ അത്‌ അവരുടെ കുറ്റമല്ല. ഒരു സാധാരണ മനുഷ്യനേക്കാള്‍ കൂടുതല്‍ അധികാരമില്ലാത്തവര്‍, അധികാരകേന്ദ്രങ്ങളെ നടുക്കുകയും, രാഷ്‌ട്രം ഇവരെ പ്രതീക്ഷയോടെ നമിക്കുകയും ചെയ്യുമ്പോള്‍ അതിനെ അരാഷ്‌ട്രീയ വാദമെന്ന്‌ മുദ്രകുത്തി മാറ്റിനിര്‍ത്തുവാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പോലെയുള്ള തിമിര രാഷ്‌ട്രിയ വാദികള്‍ക്കേ കഴിയൂ.
ഒരു ജനാധിപത്യസമൂഹത്തില്‍ പൊതുസമൂഹ പ്രതിനിധികളെന്ന്‌ പറയുന്നത്‌ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയാണ്‌. പഞ്ചായത്ത്‌ മെമ്പര്‍മാര്‍ ആ പഞ്ചായത്തിലേക്കുള്ള പൊതുസമൂഹ പ്രതിനിധികളാണ്‌. എം.എല്‍.എ. മാര്‍ ആ സംസ്ഥാനത്തെ പൊതുസമൂഹ പ്രതിനിധികളാണ്‌. എം.പി. മാര്‍ രാജ്യത്തെ പൊതുമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധികളാണ്‌. പക്ഷെ ഇവരെല്ലാം വെറും രാഷ്‌ട്രീയ പ്രതിനിധികള്‍ മാത്രമാവുകയും പൊതു,സമൂഹം എന്ന യഥാര്‍ത്ഥമണ്ഡലം ജനമനസ്സുകളില്‍ പോലും ഇവര്‍ക്ക്‌ നഷ്‌ടപ്പെടുകയും ചെയ്‌തുവെന്നതാണ്‌ ഇപ്പോഴത്തെ പ്രതിഭാസം. ഈ വിടവിലാണ്‌ അന്നാഹസാരെയും സംഘവും കയറിയിരിക്കുന്നത്‌. ഈ രാഷ്‌ട്രത്തെ അഴിമതി വിമുക്തമാക്കുവാന്‍ വേണ്ടി പിറവിയെടുത്ത അവതാര പുരുഷന്മാരായിട്ടാണ്‌ അന്നാഹസാരെയുടെ പൊതുസമൂഹത്തെ രാഷ്‌ട്രം ഇന്ന്‌ നോക്കിക്കാണുന്നത്‌. ഇത്‌ രാഷ്‌ട്രീയത്തിന്റെ പരാജയമാണ്‌. ആയിരക്കണക്കിന്‌ കോടി രൂപയുടെ അഴിമതിയുടെ പട്ടിക ഓരോ ദിവസവും പുറത്തുവരുമ്പോള്‍ രാഷ്‌ട്രത്തെ അഴിമതി വിമുക്തമാക്കണമെന്ന്‌ പറയുന്നവരെ അരാഷ്‌ട്രീയവാദികള്‍ എന്ന്‌ വിളിക്കുകയല്ല. മറിച്ച്‌ ആ നേതൃത്വത്തെ പിന്‍തുണയ്‌ക്കുകയല്ലേ വേണ്ടത്‌?
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പ്രത്യേകിച്ച്‌ സി.പി.ഐ. (എം.) എന്നും ജനഹിതത്തിനെതിരായിട്ടാണ്‌ ചിന്തിച്ചിട്ടുള്ളത്‌. ഇത്‌ ദേശീയതയുടെ കാര്യത്തിലായാലും ആത്മീയതയുടെ കാര്യത്തിലായാലും സംസ്‌ക്കാരത്തിന്റെ കാര്യത്തിലായാലും മനോഭാവം രാഷ്ട്രവിരുദ്ധമാണ്‌. ഇപ്പോള്‍ അഴിമതിയുടെ കാര്യത്തിലായാലും ഇവര്‍ അങ്ങിനെ തന്നെ ചിന്തിക്കുന്നു. തങ്ങളുടെ നിലപാടുകള്‍ക്ക്‌ വര്‍ഗ്ഗസമര വൈരുദ്ധ്യാത്മക തലം നല്‍കാന്‍ ശ്രമിക്കുകയും അതില്‍ വീണ്ടും വീണ്ടും പരാജയപ്പെടുകയും ചെയ്യുന്നു. ``പൊതുസമൂഹം'' പ്രശ്‌നത്തിലും ഇത്‌ ആവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി ഒമ്പത്‌ ദശാബ്‌ദങ്ങളായിട്ടും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ രാജ്യത്തെ ദേശീയ ഈര്‍ക്കിലി പാര്‍ട്ടികളായി തുടരുന്നത്‌ ഇതുകൊണ്ടാണ്‌.

Saturday, 25 June 2011

റിയാലീറ്റി ഷോ = എന്‍ഡോ സല്ഫാന്‍

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ രാത്രി വീട്ടില്‍ വന്ന്‌ കയറുമ്പോള്‍ ടിവയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടി നടന്നുകൊണ്ടിരിക്കുന്നു. ടിവിക്ക്‌ മുമ്പിലൂടെ മുറിയിലേക്ക്‌ കടക്കുമ്പോള്‍ ടിവിയില്‍ പ്രോഗ്രാം. അവതാരികയുടെ, പാറപ്പുറത്ത്‌ ചിരട്ടകൊണ്ട്‌ ഉരയ്‌ക്കുന്നതുപോലെയുള്ള സ്വരം. എന്തും കണ്ടും കേട്ടും ശീലമാകുമെന്ന്‌ പറയുന്നപോലെ ഈ അവതാരികയുടെ പരുപരുത്ത സ്വരവും ഫാഷന്‍പരേഡ്‌ പോലെയുള്ള വേഷവും കാണികള്‍ക്ക്‌ സുപരിചിതമാണ്‌. ഐഡിയ സ്റ്റാര്‍ സിംഗര്‍ കണ്ടിരിക്കാവുന്ന ഒരു പരിപാടിയാണെങ്കിലും അതിനിടയില്‍ ഇടയ്‌ക്കിടെ ഈ അവതാരികയെ സഹിക്കണമെന്നുള്ളതുകൊണ്ട്‌ ഞാന്‍ ഈ പ്രോഗ്രാം കാണാറില്ല. അങ്ങിനെയുള്ള ഈ ഞാന്‍ മുറിയിലേക്ക്‌ കയറുമ്പോള്‍ അവതാരികയുടെ ശബ്‌ദം അത്‌ ഏതാണ്ട്‌ ഇപ്രകാരമാണ്‌ - `ഷരസ്യ.... ഷരസ്യ ..' പൊന്നുരുക്കുന്നിടത്ത്‌ പൂച്ചയ്‌ക്കെന്ത്‌ കാര്യം എന്ന്‌ കാരണവന്മാര്‍ ചോദിക്കുന്നതുപോലെ ഞാനതൊന്നും ശ്രദ്ധിയ്‌ക്കാതെ കടന്നുപോയി. കുറച്ചുകഴിഞ്ഞപ്പോള്‍ അവതാരികയുടെ ഇതേ ഉച്ചാരണം - `ഷരസ്യ... ഷരസ്യ.... വല്ല നേപ്പാളിയോ ബംഗാളിയോ ചൈനക്കാരനോ ഒക്കെ ഈ പ്രോഗ്രാമില്‍ ഗസ്റ്റ്‌ ആയിട്ട്‌ വന്നിട്ടുണ്ടാകുമെന്നും അവരെയായിരിക്കും അവതാരിക അഭിസംബോധന ചെയ്യുന്നതെന്നും വെറുതെ കരുതി. ടിവി യിലേക്ക്‌ നോക്കി അങ്ങിനെ ആരുമില്ല. കുറച്ച്‌ കഴിഞ്ഞപ്പോള്‍ വീണ്ടും ഷരസ്യ... വിളി... എന്റെ ഉത്‌ക്കണ്‌ഠ മൂത്തു. ഞാന്‍ എന്റെ ഭാര്യയോട്‌ ചോദിച്ചു, ആരെയാണീ പെങ്കൊച്ച്‌ ഷരസ്യ... ഷരസ്യ... എന്ന്‌ വിളിക്കുന്നത്‌. ഭാര്യ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. അത്‌ ഷരസ്യയെന്നല്ല. ശരത്ത്‌ സാര്‍ എന്ന്‌ വിളിക്കുന്നതാണ്‌. വിളിച്ച്‌ വിളിച്ച്‌ വിളിയൊരു വളിച്ച സാമ്പാറ്‌ പരുവമായെന്നേയുള്ളൂ.
ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഇന്ന്‌ മലയാളം ചാനലുകളിലെ ഏറ്റവും റേറ്റിംഗ്‌ ഉള്ള പരിപാടിയാണ്‌. പ്രശസ്‌തരായ കലാപ്രതിഭകളെ അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കി കൊണ്ടുവന്നിരുത്തി പ്രോഗ്രാം ചെയ്യിക്കുന്നു. ബഹുരാഷ്‌ട്ര ചാനല്‍ഭീമന്‍ റൂപ്പെര്‍ട്ട്‌ മര്‍ഡോക്ക്‌ ................. മുതലാളിയായ ഈ ചാനലിന്‌ പണം ഒരു പ്രശ്‌നമല്ല. വീട്ടിലിരുന്ന്‌ ഒരു ഗാനമേള കാണുന്ന പ്രതീതി ഈ പരിപാടിക്കുണ്ട്‌.
ഇങ്ങനെയുള്ള ഈ പരിപാടിക്കിടയിലാണ്‌ അമ്പലപ്പറമ്പിലെ പാമ്പുകളിക്കാരനെപ്പോലെ ഈ അവതാരിക വരുന്നത്‌. പാമ്പിനെ ശ്രദ്ധിക്കാന്‍ കളിക്കാരന്റെ ആവശ്യമില്ല. പക്ഷെ താന്‍കാരണമാണ്‌ പാമ്പിനെ ആളുകള്‍ ശ്രദ്ധിക്കുന്നതെന്ന്‌ പാമ്പാട്ടിക്ക്‌ തോന്നിയാല്‍ എന്തുചെയ്യും? എന്തുചെയ്യാനാ സഹിയ്‌ക്കതന്നെ. ഏതാണ്ട്‌ ഇതേ പരുവത്തിലാണ്‌ ഈ റിയാലിറ്റി ഷോയിലെ അവതാരിക.
26-06-2011 ലെ നാനാ സിനിമാ വാരികയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരിക രിഞ്‌ജിനി ഹരിദാസിനെപ്പറ്റി ഒരു കമന്റ്‌ പ്രശസ്‌ത സിനിമ നിരൂപകന്‍ ടി.പി. ശാസ്‌തമംഗലത്തിന്റെ വക. (എന്‍ഡോസള്‍ഫാനെക്കാള്‍ മാരകം രഞ്‌ജിനി ഹരിദാസ്‌ എന്നാണ്‌ തലക്കെട്ട്‌ നാന)
ചാനലുകള്‍ ഇന്ന്‌ നിത്യജീവിതത്തിന്റെ ഭാഗമാണ്‌.
സിനിമയിലും ചാനലുകളിലുമൊക്കെയുണ്ടാകുന്ന സംഭവങ്ങള്‍ വ്യക്തികളില്‍, പ്രത്യേകിച്ച്‌ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌. ഈ റിയാലിറ്റി ഷോ യിലെ അവതാരികയുടെ ഉച്ചാരണവും പെര്‍ഫോമന്‍സുമൊക്കെ നമ്മുടെ നാട്ടിലെ കുട്ടികള്‍ അനുകരിക്കാന്‍ തുടങ്ങിയാല്‍ അവരുടെ ജന്മം കോഞ്ഞാട്ടയേക്കാളും മോശമാകും. കാതിലെ കമ്മലും നെറ്റിയിലെ പൊട്ടും നോക്കി ആണാണോ പെണ്ണാണോ എന്ന്‌ തിരിച്ചറിയേണ്ടിവരുന്ന അവതാരികമാര്‍. വസ്‌ത്രധാരണത്തിലൂടെയെങ്കിലും താങ്കളുടെ റിയാലിറ്റി വെളിപ്പെടുത്താന്‍ കഴിയണം എന്നുമാത്രമേ പറയുവാനുള്ളൂ.

.

Friday, 17 June 2011

ചാനല്‍ ദൈവങ്ങള്‍

മലയാള ഭാഷയില്‍ ഒരു ചാനല്‍കൂടി പിറന്നു. റിപ്പോര്‍ട്ടര്‍. ബഹുകോടീശ്വരന്മാരായ ഗള്‍ഫ്‌ മലയാളികളാണത്രെ ഇതിന്‌ പിന്നില്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ സൃഷ്‌ടാക്കളിലൊരാളാണെന്ന്‌ സ്വയം വിശ്വസിക്കുകയും പൊതുസമൂഹം വിശ്വസിപ്പിക്കുകയും ചെയ്‌തിരുന്ന നികേഷ്‌ കുമാര്‍, കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മ പോകുന്ന പോലെ ഇന്ത്യാവിഷനെ ഉപേക്ഷിച്ച്‌ റിപ്പോര്‍ട്ടറിലേക്ക്‌ പോയി.
മലയാള ദൃശ്യമാധ്യമരംഗത്ത്‌ വലിയൊരു മാറ്റം കുറിച്ച ചാനലാണ്‌ ഇന്ത്യാവിഷന്‍. 24 മണിക്കൂറും തുടര്‍ച്ചയായ ദൃശ്യസന്നിവേശവാര്‍ത്തകള്‍ എന്നത്‌ തന്നെയായിരുന്നു പ്രത്യേകത. ചാനല്‍ തുടങ്ങി കുറച്ച്‌ കഴിഞ്ഞപ്പോഴെക്കും ചാനലിന്‌ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ജോലിക്കാര്‍ക്കും ശമ്പളകുടിശ്ശിഖയുണ്ടായി. ദേശാഭിമാനി പോലുള്ള മാധ്യമങ്ങള്‍ ഇന്ത്യാവിഷന്റെ സാമ്പത്തിക പ്രതിസന്ധി നന്നായി ആഘോഷിച്ചു. ചാനലിന്റെ തകര്‍ച്ച പലരും സ്വപ്‌നം കണ്ടു. പക്ഷെ ഇന്ത്യാവിഷന്‍ മുതലാളിയായ എം.കെ. മുനീറും ചാനലിന്റെ സര്‍വ്വസ്വവുമായ നികേഷ്‌കുമാറും ചേര്‍ന്ന്‌ ചാനലിനെ മുന്നോട്ട്‌ നയിച്ചു.
അങ്ങിനെയിരിക്കെ മലയാള മനോരമ ചാനല്‍ അവതരിച്ചു. മനോരമ ചാനലും ഇന്ത്യാവിഷനും തുടക്കത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. കാരണം ഇന്ത്യാവിഷനില്‍ നിന്ന്‌ പണി പഠിച്ച്‌ മനോരമ എന്ന സുരക്ഷിത ചാനലിലേക്ക്‌ കൂടുമാറിയ കുരുവികളായിരുന്നു മനോരമ ചാനലിന്റെ ക്യാമറയ്‌ക്ക്‌ മുന്നില്‍ അണിനിരന്നത്‌. ഇന്ത്യാവിഷന്‍ ചാനലുകാര്‍ കഷ്‌ടപ്പെട്ട്‌ പഠിപ്പിച്ച്‌ കൊഞ്ഞപ്പും വിക്കലും മാറിയപ്പോള്‍ കുറേപേര്‍ മനോരമയിലേക്ക്‌ സുരക്ഷിത (സാമ്പത്തിക) വലയത്തിലേക്ക്‌ ചാടിയെന്നാണ്‌ ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്‌.
ഇതാണ്‌ മനുഷ്യന്‍. മറ്റുള്ളവര്‍ക്ക്‌ വേണ്ടി ത്യാഗം സഹിക്കുന്നതിനേക്കാള്‍ അവനവന്‌ വേണ്ടി സുഖിക്കാനാണ്‌ എല്ലാവരും ഇഷ്‌ടപ്പെടുന്നത്‌. സാമ്പത്തിക കഷ്‌ടപ്പാടുള്ള ഇന്ത്യാവിഷനെക്കാള്‍ അതിലെ കുറെപേര്‍ സാമ്പത്തിക സുരക്ഷിതത്വമുള്ള മനോരമയിലേക്ക്‌ പോയി. ഇന്ത്യാവിഷന്‍ ജീവനക്കാരെ മൊത്തമായി കച്ചവടം ചെയ്യാനായിരുന്നു മനോരമയുടെ പദ്ധതി. അങ്ങിനെ ഇന്ത്യാവിഷന്റെ വിടവിലേക്ക്‌ ഇടിച്ചുകയറുക. പക്ഷെ വലയിലെ മുഴുവന്‍ മീനുകളും പോകാതെനോക്കാന്‍ നികേഷിന്‌ കഴിഞ്ഞു.
കലണ്ടര്‍ വര്‍ഷം രണ്ടുമൂന്ന്‌ പിന്നേയും കഴിഞ്ഞു. അന്ന്‌ ഇന്ത്യാവിഷനിലെ ജോലിക്കാരെ ഇന്ത്യാവിഷനില്‍ നിലനിര്‍ത്താന്‍ പാടുപെട്ട അതേ നികേഷ്‌കുമാര്‍ കുടുംബസമേതം ഇന്ത്യാവിഷനില്‍ നിന്ന്‌ ചാടി റിപ്പോര്‍ട്ടര്‍ ചാനലിന്റെ അമരക്കാരനായിരിക്കുന്നു. ഇന്ത്യാവിഷനിലെ ത്യാഗത്തേക്കാള്‍ റിപ്പോര്‍ട്ടറിലെ സുഖമത്രെ പരമാനന്ദം. സ്വന്തം ചാനല്‍ തുടങ്ങുമ്പോള്‍ മനോരമ ഇന്ത്യാവിഷനോട്‌ ചെയ്‌ത അതേപണിയാണ്‌ നികേഷ്‌ ഇന്ത്യാവിഷനോട്‌ ചെയ്‌തത്‌. ഇന്ത്യാവിഷനിലെ ജോലിക്കാരെ മെച്ചപ്പെട്ട സമ്പത്ത്‌ കാണിച്ച്‌ ഊരിക്കൊണ്ടുപോരുക. ഇന്ന്‌ റിപ്പോര്‍ട്ടര്‍ ചാനല്‍ മറ്റൊരു ഇന്ത്യാവിഷനാണ്‌. ഇന്ത്യാവിഷനിലെ മുഖങ്ങളാണ്‌ ഇന്ന്‌ റിപ്പോര്‍ട്ടര്‍ നിറയെ.
ഇന്ത്യാവിഷനില്‍ നിന്ന്‌ റിപ്പോര്‍ട്ടറിലേക്കുള്ള ഇന്ത്യാവിഷന്‍ തൊഴിലാളികളുടെ സുരക്ഷിത കുടിയേറ്റം വാര്‍ത്തയായില്ലെങ്കിലും മറ്റൊന്ന്‌ വലിയ വാര്‍ത്തയായി. സി.പി.ഐ. (എം.) ചാനലായ കൈരളി-പീപ്പിളിന്റെ എം.ഡി. ജോണ്‍ ബ്രിട്ടാസ്‌ ആഗോള കുത്തക ചാനല്‍ ബൂര്‍ഷാസിയായ റൂപ്പെര്‍ട്ട്‌ മര്‍ഡോക്കിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ്‌ലേക്ക്‌ കൂടുമാറിയത്‌.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പ്രത്യേകിച്ച്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ ശാപമാണ്‌ ഛര്‍ദ്ദിച്ചത്‌ ഭക്ഷിക്കുകയെന്നത്‌. എന്തിനെയാണോ ഏറ്റവുമധികം എതിര്‍ക്കുന്നത്‌ പിന്നീട്‌ അതിന്റെ ആളായി മാറും പാര്‍ട്ടി. തെറ്റുതിരുത്തല്‍ പ്രക്രിയ എന്ന പേരില്‍ സി.പി.ഐ. (എം.) നടത്തിയിട്ടുള്ള ഒരുവിധം എല്ലാ ഇടപാടുകളും ഈ ഛര്‍ദ്ദിച്ചത്‌ ഭക്ഷിക്കലായിരുന്നു. സ്വാശ്രയകോളേജിനെതിരെ സമരം ചെയ്‌ത്‌ രക്തസാക്ഷികളായവരുടെ ബലികുടീരത്തിന്‌ മുന്നിലിരുന്ന്‌ സ്വാശ്രയകോളേജ്‌ സീറ്റൊന്നിന്‌ അരക്കോടിയും മുക്കാല്‍ കോടിയും കോഴവാങ്ങി ഭരിക്കുന്നത്‌ ഇതിലൊന്ന്‌ മാത്രം.
ഒരു പ്രസ്ഥാനം തന്നെ കുറുത്ത വാവും വെളുത്ത വാവും നോക്കി നയംമാറി നയംമാറി തെറ്റുതിരുത്തുമ്പോള്‍ ഇനിയും യൗവനം പിന്നിട്ട്‌ കഴിയാത്ത ജോണ്‍ബ്രിട്ടാസിനെപ്പോലൊരാള്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യം വാഗ്‌ദാനംചെയ്യുന്ന ആഗോള മാധ്യമകുത്തകഭീകരനുമായി കൈകോര്‍ത്ത്‌ കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിന്‌ വേണ്ടി ശ്രമിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ മാര്‍ക്‌സിറ്റ്‌ പാര്‍ട്ടിയും അതുമായി ബന്ധപ്പെട്ടവര്‍ക്കും ഛര്‍ദ്ദിച്ചത്‌ ഭക്ഷിക്കുമ്പോഴുണ്ടാകുന്നത്‌പോലെയൊരു കലപില ഇതിലുമുണ്ടായി. സമൂഹത്തിലെ ഓരോരുത്തരില്‍ നിന്നും ചില്ലിക്കാശ്‌ ഓഹരിയായി പിരിച്ച്‌ മാധ്യമകുത്തകകള്‍ക്കെതിരെ ജനകീയ മാധ്യമബദല്‍ എന്നപേരില്‍ ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരം എന്ന്‌ കൊട്ടിഘോഷിച്ച്‌ ഒന്നിന്‌ പിറകെ ഒന്നായി 3 ചാനലുകള്‍ സൃഷ്‌ടിച്ച മാര്‍ക്‌സിസ്റ്റ്‌ ചാനലിന്റെ തലപ്പത്ത്‌നിന്ന്‌ ഏറ്റവും വലിയ തലതന്നെ കുത്തകകളുടെ പ്രലോഭനങ്ങളില്‍ വശംവദനായി ബദലിനെ തള്ളിപ്പറഞ്ഞ്‌ പോകുമ്പോള്‍ സമൂഹത്തിനത്‌ ചര്‍ച്ചചെയ്യാതിരിക്കുവാന്‍ കഴിയില്ല. സമൂഹം ചര്‍ച്ചചെയ്‌തു. ഇന്ത്യാവിഷനില്‍ നിന്ന്‌ നികേഷ്‌ കുമാര്‍ റിപ്പോര്‍ട്ടറിലേക്ക്‌ പോകുന്നത്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ പോലെ ചില പ്രസിദ്ധീകരണങ്ങള്‍ ചര്‍ച്ചയാക്കിയെങ്കിലും ചര്‍ച്ചയായില്ല. പക്ഷെ ബ്രിട്ടാസിന്റെ കൂടുമാറ്റം ചര്‍ച്ചയായി. കാരണം വൈരുദ്ധ്യാത്മകത തന്നെ.
വായില്‍ വരുന്ന ഓരോ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണമില്ലാതെ ഇസത്തിന്റെ പേരില്‍ വിളിച്ച്‌ പറയുകയും അതിനുവേണ്ടി ഒരുപാടാളുകളെ ബലിയാടാക്കുകയും ചെയ്യുന്നുവെന്നതാണ്‌ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ വലിയ ഗതികേട്‌. ചാനലിലും സംഭവിച്ചത്‌ ഇത്‌ തന്നെയാണ്‌. ഒരു ഉദാഹരണം പറയാം. കേരളത്തില്‍ ഒറ്റനമ്പര്‍ -അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ വലിയ സമരം നടത്തിയവരാണ്‌ ഡി.വൈ.എഫ്‌.ഐ. ക്കാര്‍ എന്നാല്‍ ഈ കേരളത്തില്‍ ഒറ്റ നമ്പര്‍ - അന്യസംസ്ഥാന ലോട്ടറികളുടെ ഫലം കൊല്ലത്തില്‍ 365 ദിവസവും തല്‍സമയം സംപ്രേഷണം ചെയ്‌ത്‌ കോടികള്‍ കൊയ്യാന്‍ ലാഭം കിട്ടിയത്‌ ജനകീയ ബദലെന്നും പറഞ്ഞ്‌ ഓഹരി പിരിച്ചുണ്ടാക്കിയ കൈരളി ചാനല്‍ ഗ്രൂപ്പിനാണ്‌. തിരുവനന്തപുരത്ത്‌ അംബരചുംബിയായി നില്‍ക്കുന്ന കൈരളി ടവറിന്റെ മൂലധനത്തില്‍ മാര്‍ട്ടിന്റെ പണവും കാണാം ഇഷ്‌ടംപോലെ. ഡി.വൈ.എഫ്‌.ഐ.യെ വിലയ്‌ക്കെടുക്കാന്‍ മാര്‍ട്ടിന്‍ കൈരളിയിലേക്ക്‌ കയറിയതാണോ അതോ ഡി.വൈ.എഫ്‌.ഐ.യെ കാട്ടി കൈരളി മാര്‍ട്ടിനെ വരുതിയിലാക്കിയതാണോ?.
ലോകത്തില്‍ മറ്റൊരു ചാനല്‍ തൊഴിലാളിക്കും കിട്ടാത്ത യാത്രയയപ്പാണ്‌ കൈരളി ബ്രിട്ടാസിന്‌ നല്‍കിയത്‌. യാത്രയയപ്പ്‌ തല്‍സമയം കാണേണ്ടവരൊക്കെ കണ്ടു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു കാറ്‌ ഇദ്ദേഹത്തിന്‌ കൈരളി നല്‍കി. ഒരു തൊഴിലാളിവര്‍ഗ്ഗ ചാനലില്‍ നിന്ന്‌ ഒരു ബഹുരാഷ്‌ട്ര മുതലാളി വര്‍ഗ്ഗ ചാനലിലേക്ക്‌ പോകുന്ന ആളെ ഇങ്ങനെ യാത്രയയക്കണോ എന്ന്‌ വെളുത്തതെല്ലാം പാലാണെന്ന്‌ കരുതുന്ന പല ശുദ്ധആത്മാക്കളും ഇന്ന്‌ ചോദിക്കുന്നുണ്ട്‌.
ചാനലുകളുടെ ഗ്ലാമറ്‌ വശ്യവും മോഹനവുമാണ്‌. അതുകൊണ്ട്‌ ലോകത്തിലെമ്പാടും ഇനിയും ചാനലുകള്‍ വരും. കുറെ നിലനില്‍ക്കും കുറെ പൂട്ടും. മരിക്കുവോളം ഇനി മറ്റൊരുചാനലില്‍ പോകില്ലെന്ന്‌ പറയാന്‍ ഇവര്‍ക്ക്‌ കഴിയില്ല. ഒരാള്‍ക്കും കഴിയില്ല. ആധുനിക പ്രൊഫഷണലിസം എന്ന്‌ പറയുന്നത്‌ സൗകര്യങ്ങളുടേയും മോഹങ്ങളുടേയും പുറകേയുള്ള പരക്കം പാച്ചിലാണ്‌. ഇടം കടപ്പാടുകളോ സ്ഥായീബന്ധങ്ങളോ ഇല്ല.

Saturday, 11 June 2011

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുരപ്പുറം തൂക്കുന്നു

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുരപ്പുറം തൂക്കുന്നു
ജനഹിതം മാനിക്കുവാന്‍ തെരഞ്ഞെടുപ്പ്‌
കമ്മീഷനുകള്‍ക്കും ബാദ്ധ്യതയുണ്ട്‌.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എന്നൊരു വിഭാഗമുണ്ടെന്നും ഇതൊരു ഭരണഘടന സ്ഥാപനമാ
ണെന്നും ഇതിന്‌ വളരെ വിപുലമായ അധികാരങ്ങളുണ്ടെന്നും ലോകം അറിഞ്ഞത്‌ മലയാളിയായ പാല
ക്കാട്ടുകാരന്‍ ടി.എന്‍. ശേഷന്‍ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായിരുന്നപ്പോഴാണ്‌. നമ്മുടെ രാജ്യത്തെ കുത്തഴിഞ്ഞ്‌ കിടന്നിരുന്ന തെരഞ്ഞെടുപ്പ്‌ സംവിധാനത്തെ കര്‍ശനമായ നിയമങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ശേഷന്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചു. തിരുവായ്‌ക്ക്‌ എതിര്‍വായ ഇല്ലെന്ന രീതിയില്‍ നാടുഭരിച്ചിരുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അതിന്റെ നേതാക്കള്‍ക്കും, ശേഷന്‍ തുടങ്ങിവെച്ച തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അധികാര വാഴ്‌ചയെ ഇന്നേവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടം എന്ന പദം തന്നെ നാട്ടില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്‌ ശേഷന്‌ ശേഷമാണ്‌. പൊതുസമൂഹത്തിന്മേലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ അനിയന്ത്രിതമായ കൈയ്യേറ്റത്തിന്മേലാണ്‌ ആദ്യം ചട്ടം പ്രയോഗിച്ചത്‌. സമ്പത്തും അധികാരവുമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ പൊതുസമൂഹത്തിന്‌ മേല്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ അസഹനീയവും ശുദ്ധ അധികാര ദുര്‍വിനിയോഗവുമായിരുന്നു. ലളിതമായൊരു ഉദാഹരണം പറയാം. നഗരമെന്നോ നാട്ടിന്‍പ്രദേശമെന്നോ വ്യത്യാസമില്ലാതെ അതാത്‌ പ്രദേശങ്ങളിലെ കവലകളും കണ്ണായ സ്ഥലങ്ങളും രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ബുക്ക്‌ ചെയ്‌ത്‌ കൊടിതോരണങ്ങള്‍ കെട്ടുകയും തങ്ങളുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ വേണ്ടി അലങ്കരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയുണ്ടായിരുന്നു. പലപ്പോഴും രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ക്ക്‌ ഇത്‌ ഇടവരുത്തിയിരുന്നു. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ മതിലുകളും മറ്റും ഇതുപോലെ ബുക്ക്‌ ചെയ്യുകയും മതില്‍ബുക്കിംഗ്‌ ചോരക്കളിയായി മാറുകയും ചെയ്യുന്നതും പതിവായിരുന്നു. പോലീസും മദ്ധ്യസ്ഥന്മാരുമൊക്കെ ഇടപെട്ട്‌ കവലകളും മതിലുകളും മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും പങ്കുവെച്ച്‌ കൊടുത്ത സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്‌. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ ജാതിമതഭേദമന്യേ പൊതുസമൂഹത്തിന്‌ മുഴുവന്‍ അവകാശപ്പെട്ട പൊതുസ്ഥലങ്ങള്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ഉപയോഗിക്കുന്നത്‌ തടഞ്ഞ ഇലക്ഷന്‍ കമ്മീഷന്റെ നടപടി പൊതുജനങ്ങള്‍ക്കിടയില്‍ കമ്മീഷനെ കുറിച്ചുണ്ടാക്കിയ മതിപ്പ്‌ വളരെ വലുതാണ്‌. ഇത്‌പോലെ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കുറെ ആനുകൂല്യങ്ങള്‍ വാരിക്കോരി പ്രഖ്യാപിച്ച്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനേയും നിയന്ത്രിക്കുവാന്‍ തെരഞ്ഞെടുപ്പ്‌ നിയമങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്റെ തലേദിവസം കൂടിയ ക്യാബിനിറ്റില്‍ ഒരു കിലോ അരി 2 രൂപ നിരക്കില്‍ വിതരണം ചെയ്യാനുള്ള കേരളത്തിലെ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ തീരുമാനത്തിന്‌ പിന്നിലുള്ള രാഷ്‌ട്രീയം.

ഇലക്ഷന്‍ കമ്മീഷന്‍ തിരിച്ചറിഞ്ഞ്‌ തടഞ്ഞത്‌ നല്ല തീരുമാനം തന്നെ. 5 കൊല്ലം നീണ്ട്‌ നിവര്‍ന്ന്‌ ഭരിച്ചിട്ട്‌ വോട്ടെടുപ്പിന്റെ തലേന്നാണോ 2 രൂപയ്‌ക്ക്‌ അരി കൊടുക്കാനുള്ള വിശാല മനസ്ഥിതി നിങ്ങള്‍ക്കുണ്ടായിയുള്ളൂ. പിന്നെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ചോദ്യത്തിന്‌ സത്യസന്ധമായ മറുപടി നല്‍കുവാന്‍ എല്‍.ഡി.എഫ്‌. ന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എന്ന ഭരണ സ്ഥാപനം കൊണ്ടുവന്ന നിയമങ്ങളെ ഭാരതത്തിന്റെ പൊതുസമൂഹം പിന്തുണയ്‌ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുവെന്നതാണ്‌ സത്യം. തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടം എന്ന ലക്ഷ്‌മണ രേഖയില്‍ തൊട്ടും തൊടാതെയും നടക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പെടാപ്പാടുപെടുന്നതും സാധാരണക്കാര്‍ ഈ നിയമത്തിന്റെ ശക്തികണ്ട്‌ മന്ദസ്‌മിതം തൂകിക്കൊണ്ടിരിക്കുന്നതും വര്‍ത്തമാനകാല ചരിത്രം. എല്ലാവരേയും നിയന്ത്രിക്കുന്ന രാജ്യത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരെ വരച്ച വരയില്‍ നിര്‍ത്താന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെങ്കിലും കഴിയുന്നുണ്ടല്ലോ എന്ന സംതൃപ്‌തിതന്നെയാണ്‌ ഈ പൊതുമന്ദഹാസത്തിന്‌ പിന്നില്‍.
എന്നാല്‍ ഈ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പല പ്രവര്‍ത്തികളും ഇന്ന്‌ അമിതാധികാരത്തിലേക്ക്‌ കടക്കുന്നതായി അനുഭവപ്പെടുന്നു. ഇതിനൊരു ഉദാഹരണമാണ്‌ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണം. മൊബൈല്‍ ഫോണ്‍ പോലെ വളരെ ചുരുങ്ങിയ കാലംകൊണ്ട്‌ സമൂഹത്തിനിടയില്‍ ഇത്രയേറെ പ്രചാരം നേടിയ മറ്റൊരു വസ്‌തുവില്ല. കണ്ണടച്ച്‌ തുറക്കുന്ന സമയംകൊണ്ട്‌ എന്നൊക്കെ വേണമെങ്കില്‍ മൊബൈല്‍ഫോണിന്റെ പ്രചാരവര്‍ദ്ധനവിനെ വിശേഷിപ്പിക്കാം. പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണിന്‌ നിയമപരമായ വിലക്കുകളുണ്ട്‌. വാഹനങ്ങള്‍ ഓടിക്കുമ്പോഴും കോടതി പരിസരങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ ശിക്ഷാര്‍ഹമായ കുറ്റമാണ്‌. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതേ കുറ്റകരമാകുന്നുള്ളൂ. കൈയ്യില്‍ സൂക്ഷിക്കുന്നത്‌ കുറ്റകരമല്ല. പല സ്‌ക്കൂള്‍ കോളേജുകളിലും ഹോസ്റ്റലുകളിലും സുരക്ഷാ പ്രശ്‌നമുള്ള സ്ഥലങ്ങളിലും മൊബൈല്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌ നിയമപരമായി തടഞ്ഞിട്ടുണ്ട്‌. മറ്റ്‌ സാഹചര്യങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ ആളുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത്‌ കൈവശം വയ്‌ക്കും. ഒരാളും ഇത്‌ കുറ്റകരമാണെന്ന്‌ ഇന്നോളം പറഞ്ഞിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇപ്പോള്‍ ഇതും പറഞ്ഞിരിക്കുന്നു.
പോളിംഗ്‌ ബൂത്തിന്‌ 100 മീറ്റര്‍ ഉള്ളില്‍ മൊബൈല്‍ ഫോണ്‍ എന്ന വസ്‌തു ഉപയോഗിക്കാത്ത രീതിയില്‍പോലും കൈവശം വെയ്‌ക്കുന്നത്‌ കുറ്റകരമാണെന്നും അങ്ങിനെ ഫോണ്‍ വെച്ചാല്‍ അത്‌ പിടിച്ചെടുത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുന്ന ദിവസം വരെ (ഇപ്പോള്‍ 30 ദിവസം) കസ്റ്റഡിയില്‍ വെക്കാന്‍ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ അധികാരം ഉണ്ടെന്നുമൊക്കെ ഇലക്ഷന്‍ കമ്മീഷന്‍ കല്‌പനകള്‍ പുറപ്പെടുവിക്കുവാന്‍ തുടങ്ങിയാല്‍ പൊതുജനം എന്തുചെയ്യും. സമ്മതിദായകന്‍ പോളിംഗ്‌ ബൂത്തിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന്‌ പറഞ്ഞാല്‍ അത്‌ ന്യായവും പോളിംഗ്‌ ബൂത്തിന്റെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ ഫോണ്‍ കണ്ടുപോകരുതെന്ന്‌ പറഞ്ഞാല്‍ അത്‌ അന്യായവുമാണ്‌.
ഇതിന്‌ സമാനമായ മറ്റൊന്നായിരുന്നു വിഷുവിന്റെ തലേന്ന്‌ തെരഞ്ഞെടുപ്പ്‌ വെച്ചത്‌. മലയാളികള്‍ വിഷു ആഘോഷിച്ചത്‌ 15-ാം തിയ്യതി. തെരഞ്ഞെടുപ്പ്‌ 13 ന്‌. തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ നിയമിക്കപ്പെട്ട പതിനായിരക്കണക്കിന്‌ ഉദ്യോഗസ്ഥര്‍ ഇലക്ഷനും വിഷുവിനും ഇടയില്‍പെട്ട്‌ വട്ടംകറങ്ങി. 13-ാം തിയ്യതിയിലെ ഇലക്ഷന്‍ ഡ്യൂട്ടിക്ക്‌ തലേന്ന്‌ 12-ാം തിയ്യതി രാവിലെ 8 മണിക്ക്‌ തന്നെ ഉദ്യോഗസ്ഥര്‍ ജില്ലാകേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്ക്‌ ഹാജരായി. ഇലക്ഷന്‍ സാമഗ്രികളും വാങ്ങി പിന്നെ പോളിംഗ്‌ ബൂത്തിലേക്ക്‌. ഇവര്‍ പിന്നീട്‌ വീടുകളിലേക്ക്‌ തിരികെ പോകുന്നത്‌ പിറ്റേന്നത്തെ ഇലക്ഷന്‍ 5 മണിക്ക്‌ കഴിഞ്ഞ്‌ ഇലക്ഷന്‍ സാമഗ്രികള്‍ നിര്‍ദ്ദിഷ്‌ട കേന്ദ്രങ്ങളിലെത്തിച്ച്‌ രാത്രിയേറെ ചെന്നിട്ടാണ്‌. വിഷു ആഘോഷത്തിന്‌ വീടുകളില്‍ നടത്തേണ്ട ഒരുക്കങ്ങള്‍ നടത്തുവാന്‍ നിരവധിപേര്‍ക്ക്‌ കഴിഞ്ഞില്ല. വിഷുവിനെ തൊട്ടുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ നടത്തരുതെന്ന്‌ പല രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അത്‌ കേട്ടതായി നടിച്ചില്ല.
തെരഞ്ഞെടുപ്പുകളെ സംബന്ധിച്ചേടത്തോളം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അവസാന വാക്കായി നില്‍ക്കുകയും കോടതികള്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ കാത്ത്‌ നില്‍ക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ പരിഷ്‌ക്കാരങ്ങള്‍ക്കും വേണം ജനാധിപത്യമുഖം. ജനഹിതം മാനിക്കുവാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനുകള്‍ക്കും ബാദ്ധ്യതയുണ്ട്‌.
സന്തോഷ്‌ ബോബന്‍

ഇവര്‍ ഡോക്‌ടര്‍മാരോ? ക്വൊട്ടേഷന്‍ സംഘാംഗങ്ങളോ?

കേട്ടവര്‍ കേട്ടവര്‍ ലജ്ജിച്ച്‌ തലതാഴ്‌ത്തുകയാണ്‌. ഇവര്‍ ഡോക്‌ടര്‍മാരോ അതോ ക്വട്ടേഷന്‍ സംഘാംഗങ്ങളോ. കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയുന്നില്ല, ഇവരോട്‌ പൊറുക്കേണമേ എന്ന ക്രിസ്‌തുവചനം ഇവരോട്‌ പറയുവാന്‍ ഒരാള്‍ക്കും കഴിയുന്നില്ല. കാരണം ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ക്കറിയാം. ഇവര്‍ക്കറിയാത്തത്‌ ഒന്നുണ്ട്‌. തൊഴിലിന്റ മഹത്വം. ഓരോ തൊഴിലിനുമുണ്ട്‌ അതിന്റേതായ വിശുദ്ധി. അതുകൊണ്ടാണ്‌ അവര്‍ ചെയ്‌ത പ്രവര്‍ത്തിയെ അവരെ പെറ്റുവലുതാക്കിയ അവരുടെ മാതാപിതാക്കള്‍ക്ക്‌ പോലും സഹിക്കുവാന്‍ കഴിയാത്തത്‌. ദുഃഖവെള്ളി, ഈസ്റ്റര്‍ സ്‌പെഷ്യല്‍ ചേര്‍ത്തല താലൂക്കില്‍ നടന്ന കൂട്ട സിസേറിയന്‌ പിന്നാലെ കൊല്ലം ജില്ലയിലെ കടയ്‌ക്കലും കത്തിവെച്ചു എന്ന്‌ കേള്‍ക്കുമ്പോള്‍ മലയാളി ഞെട്ടുന്നത്‌ കശാപ്പ്‌ സംസ്‌ക്കാരമുള്ള ഡോക്‌ടര്‍മാര്‍ കേരളക്കരയാകെ ഉണ്ടായിരിക്കുന്നുവെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌.
ചേര്‍ത്തലയില്‍ 21 ഉം കടയ്‌ക്കലില്‍ 16 ഉം മൊത്തം 37 വയറാണ്‌ കത്തിക്കിരയായത്‌. ചേര്‍ത്തല പുറത്തറിഞ്ഞ്‌ 2 ദിവസം കഴിഞ്ഞപ്പോള്‍ കടയ്‌ക്കലിലെ കീറല്‍ പുറത്തറിഞ്ഞത്‌പോലെ ഒന്നിനുപിറകെ ഒന്നായി മറ്റ്‌ ആസ്‌പത്രികളിലെ കീറലുകളുടെ നീണ്ടപട്ടിക പുറത്ത്‌ വന്നേയ്‌ക്കാം! ഇനി പട്ടിക നീണ്ടാലും നീണ്ടില്ലെങ്കിലും ഒരു കാര്യം സത്യം. ഇത്‌ അവസാനത്തേതല്ല. ആദ്യത്തേതുമല്ല. ഒരുപാട്‌ കൂട്ട സിസേറിയനുകള്‍ ഇവിടെ നടന്നിട്ടുണ്ട്‌. പുറത്തറിഞ്ഞ്‌ തുടങ്ങിയതും ഇതിന്റെ ഗൗരവം മാലോകര്‍ക്ക്‌ ബോദ്ധ്യപ്പെട്ടതും ഇപ്പോഴാണെന്ന്‌ മാത്രം.
എനിക്ക്‌ കിട്ടിയ ഒരു വിവരം അനുസരിച്ച്‌ ഈസ്റ്റര്‍ സമയത്തേതിനേക്കാള്‍ കൂട്ട സിസേറിയനുകള്‍ നടക്കുന്നത്‌ ഓണക്കാലത്താണ്‌. ഡോക്‌ടര്‍മാര്‍ക്ക്‌ അവധി ദിനങ്ങള്‍ ഒന്നിച്ചെടുത്ത്‌ ഉല്ലാസയാത്രയ്‌ക്ക്‌ പോകാന്‍ വേണ്ടി മാത്രമല്ല, അത്തത്തിന്‌ കീറിയാല്‍ ഉത്രാടത്തിന്‌ വീട്ടില്‍ പോകാം എന്ന ഗൃഹാതുരത്വം കുത്തിവെച്ചും ഡോക്‌ടര്‍മാര്‍ രോഗികളില്‍ കത്തികയറ്റാറുണ്ട്‌.
നമ്മുടെ മൂക്കിന്‌ താഴെ കണ്‍മുമ്പില്‍ കേരളത്തിലെ 2 താലൂക്കാസ്‌പത്രികളില്‍ നടന്ന ഈ ഈസ്റ്റര്‍ സ്‌പെഷ്യല്‍ കൂട്ട സിസേറിയന്‍ സംഭവത്തെക്കുറിച്ച്‌ നമ്മള്‍ക്കെന്ത്‌ പറയുവാനുണ്ട്‌. ചില പ്രതിഷേധ ജാഥകളും കുറച്ച്‌ പ്രസ്‌താവനകളും സ്ഥലം മാറ്റമോ അറ്റകൈയ്‌ക്ക്‌ ഒരു സസ്‌പെന്‍ഷനോ സംഭവിച്ചാല്‍... അതിനപ്പുറം ഒരു ചുക്കും സംഭവിക്കില്ല. ഇത്‌ കേരളമാണ്‌. ഇന്ത്യയാണ്‌. നമ്മള്‍ കുറെ കണ്ടതല്ലേ. പൊതുജന പ്രതിഷേധങ്ങളും സര്‍ക്കാര്‍ വിലാസം നടപടികളുമെല്ലാം.
പെസഹവ്യാഴം മുതല്‍ ഈസ്റ്റര്‍വരെ കിട്ടുന്ന മൂന്ന്‌ നാല്‌ ഔദ്യോഗിക അവധിദിവസങ്ങളെ രോഗിശല്യമില്ലാതെ അടിച്ച്‌ പൊളിച്ചാഘോഷിക്കാന്‍ തങ്ങളുടെ രോഗികളുടെ മേല്‍ കൂട്ടസിസേറിയന്‍ നടത്തിയ ഡോക്‌ടര്‍മാരുടെ പ്രവൃത്തി നീതിരഹിതവും ദയ അര്‍ഹിക്കാത്തതുമാണ്‌. നമ്മുടെ നാട്ടിലെ ഏതൊക്കെയോ സാധാരണക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കളാണ്‌ കൂട്ട വയറ്‌ കീറലിന്‌ വിധേയമായി വേദന തിന്ന്‌ കിടന്നത്‌.
നമ്മുടെ സര്‍ക്കാര്‍ വിലാസം ആരോഗ്യ സേവനമേഖല കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല എന്നതാണ്‌ വാസ്‌തവം. ശമ്പളം കൊടുക്കുക എന്നൊരു കാര്യത്തിനപ്പുറം ആരോഗ്യവകുപ്പില്‍ സര്‍ക്കാരിന്‌ മറ്റൊന്നും ഇന്ന്‌ ചെയ്യുവാന്‍ കഴിയുന്നില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്‌പത്രികളും മെഡിക്കല്‍ കോളേജുകളും സ്വകാര്യമേഖലയില്‍ തഴച്ച്‌ വളരുകയും സമൂഹത്തിലെ മധ്യവര്‍ഗ്ഗവും ഉപരിവര്‍ഗ്ഗവും അങ്ങോട്ട്‌ തിരിച്ചറിയുകയും ചെയ്‌തപ്പോള്‍ സര്‍ക്കാര്‍ ആസ്‌പത്രികള്‍ പാവപ്പെട്ട നമ്മുടെ നാട്ടിലെ മൂക്ക്‌ കീഴോട്ടുള്ള എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്‌. മക്കളെ ഡോക്‌ടറോ എഞ്ചിനീയറോ ആക്കണമെന്നാണ്‌. തങ്ങളുടെ മക്കള്‍ പഠിച്ച്‌ വലുതായി ഡോക്‌ടറായി ജനങ്ങളെ സേവിച്ച്‌ നാട്‌ നന്നാക്കണമെന്നുള്ള ആഗ്രഹം കൊണ്ടല്ലാ മാതാപിതാക്കളുടെ ഈ ആഗ്രഹം. മക്കള്‌ ഡോക്‌ടറായി രോഗികളുടെ കയ്യില്‍നിന്ന്‌ ധാരാളം പണം വാങ്ങി, അങ്ങിനെ വലിയ പണക്കാരായി തങ്ങള്‍ക്കും കുടുംബത്തിനും അടിച്ചുപൊളിച്ച്‌ ജീവിക്കാമെന്ന അത്യാര്‍ത്തിയില്‍ നിന്നാണ്‌ ഡോക്‌ടര്‍ മോഹം മക്കളിലേക്ക്‌ കുത്തിവെയ്‌ക്കപ്പെടുന്നത്‌. ജീവിക്കാന്‍വേണ്ടി പണമുണ്ടാക്കുക എന്ന അവസ്ഥയില്‍ നിന്ന്‌ പണമുണ്ടാക്കാന്‍ വേണ്ടി ജീവിക്കുക എന്ന അവസ്ഥയിലേക്ക്‌ ഡോക്‌ടര്‍ സമൂഹമാകെ മാറിയിരിക്കുന്നതും ഈ പണം എന്ന അടിസ്ഥാന വികാരത്തിലൂടെ കടന്നുവരുന്നവരാണിവര്‍ എന്നതുകൊണ്ടാണ്‌.
സന്തോഷ്‌ ബോബന്‍

ഏതാണ്‌ ഈ ഇന്ത്യ?


ഇന്ത്യ എന്റെ രാജ്യമാണെന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്നും ഒന്നാം ക്ലാസ്സില്‍ പറഞ്ഞ്‌ പഠിച്ചത്‌ ഇന്നും ഓര്‍മ്മയിലുണ്ട്‌. പിന്നീട്‌ ഇന്ത്യയെപറ്റി പുസ്‌തകങ്ങളിലൂടെയും നാട്ടുവര്‍ത്തമാനങ്ങളിലൂടെയും പറഞ്ഞ്‌ കേട്ടത്‌ ഇന്ത്യ ലേകജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നാണ്‌. ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ ആധിപത്യമെന്നര്‍ത്ഥം. പലപ്പോഴും മൈക്കിന്‌ മുന്‍പില്‍നിന്ന്‌ ജനാധിപത്യവും ഇന്ത്യയും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധത്തെക്കുറിച്ച്‌ വാതോരാതെ പ്രസംഗിക്കുകയും ജനത്തെ പ്രബുദ്ധവല്‍ക്കരിക്കുകയുമെന്ന ക്രൂരക്രിത്യവും പലപ്പോഴും നിര്‍വ്വഹിച്ചിട്ടുള്ള ഈ ഞാന്‍ ഇപ്പോള്‍ മാലോകരോട്‌ ചോദിക്കുകയാണ്‌ ആ ഇന്ത്യയാണോ ഈ ഇന്ത്യ?

ഞാന്‍ ഇന്ന്‌ അന്വേഷിക്കുന്നത്‌ എന്റെ ഇന്ത്യയെയാണ്‌. പത്രങ്ങളും വാര്‍ത്താ ചാനലുകളും കാണുമ്പോള്‍ ഞാന്‍ അറിയുന്നു. എനിക്കെന്റെ ഇന്ത്യയെ നഷ്‌ടപ്പെട്ടുവെന്ന്‌. 2011 ഏപ്രില്‍ 27-ാം തിയ്യതിയിലെ 3 പത്രങ്ങള്‍ എന്റെ കണ്‍മുമ്പില്‍ കിടക്കുന്നു. അന്നത്തെ മലയാളമനോരമയുടെ തലക്കെട്ട്‌ ``എന്‍ഡോസള്‍ഫാന്‍: ഇന്ത്യ ഒറ്റപ്പെട്ടു'' എന്നാണ്‌. മാതൃഭൂമി ``ജനീവയില്‍ ഇന്ത്യ ഒറ്റപ്പെട്ടുട്ടു, മാധ്യമവും ``ജനീവയില്‍ ഇന്ത്യ ഒറ്റപ്പെട്ടു'' എന്ന്‌ ലീഡ്‌ എഴുതിയിരിക്കുന്നു.

ജനാധിപത്യത്തില്‍ ലോകത്തിന്റെ ശ്രീകോവിലില്‍ നില്‍ക്കുന്ന എന്റെ ഇന്ത്യ എല്ലാ ഇന്ത്യക്കാരേയും സഹോദരീസഹോദരന്മാരായി കാണുന്ന എന്റെ ഇന്ത്യ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ എങ്ങിനെ ഒറ്റപ്പെട്ടു. ആര്‍ക്കുവേണ്ടി ഒറ്റപ്പെട്ടു? എന്തിന്‌ ഒറ്റപ്പെട്ടു. ആരാണ്‌ ഈ ഇന്ത്യ? ഏതാണ്‌ ഈ ഇന്ത്യ?

എന്‍ഡോ സള്‍ഫാന്‍ എന്ന മാരക വിഷത്തിന്‌ വേണ്ടി നിരന്തരം വാദിക്കുന്ന മനസ്സാക്ഷിയില്ലാത്ത ഒരു വക്കീലായി എന്റെ ഇന്ത്യ ലോകത്തിന്‌ മുമ്പില്‍ അപമാനിക്കപ്പെട്ട്‌ നില്‍ക്കുന്ന, ജനങ്ങള്‍ വെറുക്കുന്ന ഒരു സാധനത്തിന്റെ ബ്രാന്റ്‌ അമ്പാസിഡര്‍മാരെപ്പോലെ ഭരണാധികാരികള്‍ വാദിക്കാന്‍ തുടങ്ങുമ്പോള്‍ അവിടെ ജനാധിപത്യം മരിക്കുന്നു. ജനങ്ങളുമായി ബന്ധമില്ലാത്ത ഭരണവര്‍ഗ്ഗം ജനാധിപത്യ ചിന്തകളില്‍ ഇല്ലാത്തതാണ്‌. പക്ഷെ ഇന്ത്യയില്‍ ഇന്നിത്‌ നിരന്തരം സംഭിക്കുന്നു.

ഇന്ത്യ അഴിമതിയുടെ കൊടുമുടികയറിയ വര്‍ഷമായിരുന്നു 2010. ആ അപമാനത്തില്‍ രാഷ്‌ട്രസ്‌നേഹികള്‍ വീര്‍പ്പുമുട്ടുമ്പോഴാണ്‌ എന്‍ഡോസള്‍ഫാന്‍ എന്ന അടുത്ത അപമാനം ഭാരതത്തിന്റെ മുഖത്ത്‌ വന്ന്‌ വീഴുന്നത്‌. ലോകം വെറുക്കുന്ന എന്‍ഡോസള്‍ഫാന്റെ ഗുണഭോക്താക്കള്‍ ആരാണ്‌.

വന്‍കിട തോട്ടം ഉടമകള്‍. ആയിരക്കണക്കിന്‌ ഏക്കര്‍ തോട്ടങ്ങളുള്ള വന്‍കിട ഭൂസ്വാമിമാര്‍. അവരുടെ തോട്ടങ്ങളില്‍ തളിക്കുന്നത്‌ ഈ വിഷമാണ്‌. കീടനാശിനി എന്ന നിലയില്‍ ഇവന്‍ കേമനാണ്‌. പക്ഷെ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ സഹിക്കുവാന്‍ കഴിയാത്തതും.

ഇന്ത്യയിലെ ജനവികാരം ഭരണാധികാരികള്‍ കണ്ടില്ലെങ്കിലും ലോകം കണ്ടു. ലോകം ഒറ്റക്കെട്ടായി നിന്ന്‌ ഇന്ത്യയെ തോല്‍പ്പിച്ചത്‌ ഇന്ത്യയിലെ ജനങ്ങളെ രക്ഷിച്ചു.എന്റെ ഭാരതമാതാവേ വന്ദേ മാതരം?